ചക്ക ഷേക്ക്‌

ചക്കസീസണ്‍ വരുമ്പൊ നിങ്ങള്‍ക്കും ട്രൈ ചെയ്യാം .... പേടി വേണ്ടാ .. ടെസ്റ്റ് ചെയ്തു വിജയിച്ചതാ

അസ്സൈന്മെന്റ് ചരിതം ആട്ടക്കഥ!

കോളേജ് ലൈഫിലെ ഓര്‍മ്മകളിള്‍ നിന്നൊരു ഏടു ..

Praphul

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Pazhampori

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഓര്‍മ്മക്കുറിപ്പുകള്‍

ചന്തിയില്‍ പാടുള്ള ഓര്‍മ്മകള്‍ :(

Sunday, October 28, 2012

കണ്ടത് പറഞ്ഞാല്‍ - അയാളും ഞാനും തമ്മില്‍

അവിഹിതങ്ങളും സെക്സും അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും  സിനിമകളില്‍ പാടില്ല എന്നൊന്നും ഇല്ല. എങ്കിലും ഒരു മടുപ്പ്‌ പുതു തലമുറ സിനിമകള്‍ എന്ന പേരില്‍ പടച്ചു വിടുന്ന ശക്തമായ ഒരു കഥയോ കഥാപാത്രങ്ങളോ ഇല്ലാത്ത സിനിമകള്‍ സൃഷ്ടിച്ചിരിക്കുന്നു.  ആ മടുപ്പില്‍ നല്ല ഒരു ചലച്ചിത്രാനുഭവം സൃഷ്ടിക്കാന്‍ "അയാളും ഞാനും തമ്മില്‍ "  എന്ന ചിത്രത്തിന് സാധിച്ചു .

ഡാ കോപ്പേ !! സാഹിത്യിക്കാതെ ...സാഹിത്യിക്കാതെ  , ഒള്ള കാര്യം പറ പടം കൊള്ളാവോ ഇല്ലയോ !

വെല്‍ .. ഒള്ള കാര്യം പറയാം ... ലാല്‍ ജോസിന്റെ പടം അത്രേം മാത്രം അറിഞ്ഞാണ് ഈ പടം കാണാന്‍ പോയത് .. ട്രെയിലറോ പോസ്റ്ററോ പാട്ടോ ഒന്നും  കണ്ടില്ലാരുന്നു . അപ്പൊ എന്താന്നു വെച്ചാല്‍ ആശൂത്രി  ചുറ്റുപാടില്‍ നടക്കുന്ന ഒരു കഥ . നായകന്‍ പ്രിഥ്വിരാജ് ഡോക്ടര്‍ ആണ് .. പിന്നെ പുള്ളീടെ ആശാന്‍ സ്ഥാനത് പ്രതാപ്‌ പോത്തന്‍  . നരേന്‍ പ്രിഥ്വിരാജ് ന്റെ ഫ്രണ്ട് ഡോക്ടര്‍ , അവര്‍ ഒരുമിച്ചാണ് പഠിച്ചത് . സംവൃത , രമ്യ നമ്പീശന്‍ ഇവര്‍ പ്രിഥ്വിരാജ് ന്റെ കാമുകി ഫ്രണ്ട്/സഹപ്രവര്‍ത്തക വേഷങ്ങള്‍ ചെയ്തെക്കുന്നു . പിന്നെ ഹോസ്പിറ്റല്‍ സ്റ്റാഫ്‌ ആയിട്ട്  റീമ കല്ലിങ്ങല്‍ . 

ഫ്ലാഷ് ബാക്കും ഇപ്പോഴത്തെ കാര്യവും മാറി മാറി  കാണിക്കുന്ന ഒരു സെറ്റപ്പ് ആണ് ഇതിലും ഉള്ളത് . ഫ്ലാഷ് ബാക്കില്‍ വ്യത്യസ്ത കാലങ്ങള്‍ വന്നു പോവുന്നുണ്ട് . എങ്കിലും നായകന്‍റെ കോളേജ്‌ ടൈം ഉം അത് കഴിഞ്ഞു ഗ്രാമീണ സേവനം ചെയ്യുന്ന സമയവും  ആണ് മിക്കപ്പോഴും വരുന്നത് .  പഴയ കാലത്തെ കൃത്യതയോടെ ചെയ്യാന്‍ ശ്രദ്ധിച്ചിട്ടില്ല എന്ന് വേണം പറയാന്‍ . മൊബൈല്‍ നു പകരം ലാന്‍ഡ്‌ ഫോണ്‍ കാണിക്കുന്നു എന്നത് ഒഴിച്ചാല്‍ . വേഷവും ഹെയര്‍ സ്റ്റൈല്‍ ലും ഒന്നും ശ്രദ്ധിച്ചതായി തോന്നുന്നില്ല . 

ഓരോ കഥാപാത്രവും സൃഷ്ടിക്കുന്നതില്‍ നല്ല കയ്യടക്കം കാണിച്ചിട്ടുണ്ട്. പിന്നെ കാസ്റ്റിംഗ് വളരെ നന്നായി . സുകുമാരിയെ പോലെ സീനിയര്‍ ആയ ഒരു ആര്‍ടിസ്റ്റിനു  രണ്ടോ മൂന്നോ സംഭാഷങ്ങള്‍ മാത്രമേ ഉള്ളു. ആ കഥാപാത്രം അത്രെയേ ആവശ്യപ്പെടുന്നുള്ളൂ. നായക കഥാപാത്രം അമാനുഷികന്‍ അല്ല എന്നത് വളരെ നല്ല കാര്യം . ക്ലീഷേ സീനുകള്‍ ഒട്ടൊക്കെ ഉണ്ടെങ്കിലും നിര്‍ണായകമായ ഒരു അവസരത്തില്‍ ക്ലീഷേയില്‍ നിന്നുമൊന്നു മാറി പിടിക്കാന്‍ അണിയറയില്‍ ഉള്ളവര്‍ ശ്രദ്ധിച്ചു  . പിന്നെ കഥ എഴുതിയവരില്‍ ഒരാള്‍ ഡോക്ടര്‍ ആണ് അത് കൊണ്ട് സാങ്കേതികമായും പൂര്‍ണത തോന്നിച്ചു .

തെറ്റില്ലാത്ത ഗാനങ്ങളും ചളി ആവാതെ കുറച്ചു കോമഡി രംഗങ്ങളും ഉള്‍പ്പെടുത്താനും ലാല്‍ ജോസ്‌ ശ്രദ്ധിച്ചു . അടുത്ത ഇടെയായി ഫേസ്‌ബുക്കില്‍ ചിത്രങ്ങള്‍ ആയി വന്ന ചില രംഗങ്ങള്‍ സിനിമകളിലേക്ക് എടുക്കുന്നത് കണ്ടു വരുന്നു , ഫേസ് ബുക്കില്‍ സ്ഥിരം സന്ദര്‍ശകന്‍ ആയ എന്നെ പോലെ ഉള്ളവര്‍ക്ക്‌ അത് ആവര്‍ത്തന വിരസത ഉളവാക്കും എങ്കിലും അങ്ങനെ അല്ലാതെ ഭൂരിപക്ഷത്തിനു സന്തോഷമായെക്കാം 

പ്രതാപ്‌ പോത്തന്‍ ചെയ്ത ഡോക്ടര്‍ സാമുവല്‍ മികച്ചതായി . പ്രിഥ്വിരാജ് ചെയ്ത കഥാപാത്രവും നന്നായി. പൊതുവേ സമാധാനമായി ഫാമിലിയെ കൂടെ കൂട്ടി കാണാന്‍ പറ്റിയ ഒരു സിനിമ 


Sunday, July 8, 2012

കണ്ടത്‌ പറഞ്ഞാല്‍ - തട്ടത്തിന്‍ മറയത്ത്


പിന്നേം ഫസ്റ്റ് ഡേ പോയി പടം കണ്ടു . പൈങ്കിളിപ്പടം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെ തല വെച്ചതാ . പണ്ട് മുതലേ കണ്ടു തഴമ്പിച്ച പ്രണയ കഥയില്‍ നിന്ന്  ഒരിഞ്ചു പോലും വഴിമാറാന്‍ വിനീത് ശ്രീനിവാസന് കഴിഞ്ഞില്ല . ശ്രീനിവാസന്റെ മകന്‍ അല്ലായിരുന്നു എങ്കില്‍ ഈ സ്ക്രിപ്റ്റ്‌ കുപ്പത്തൊട്ടിയില്‍ കിടന്നേനെ . ഒരു പരിധി വരെ മാംസനിബദ്ധം ആണ് രാഗം .എങ്കിലും അത് മാത്രമാണ് എന്ന് പറയാന്‍ ആണ് വിനീത് ശ്രീനിവാസന്‍ ശ്രമിച്ചത് എന്ന് തോന്നുന്നു .  തട്ടത്തില്‍ മറഞ്ഞിരിക്കുന്ന നായികയുടെ മുഖമാണ് പ്രേമഹേതു ! തിരിച്ചു നായിക എന്ത്  കുന്തം കണ്ടിട്ടാ പ്രണയിച്ചേ  എന്ന് ഒരു പിടിയും ഇല്ല . ഒരു പക്ഷെ നായകന്‍റെ വിദ്യാഭ്യാസമില്ലായ്മയോ  ജോലിയില്ലായ്മയോ   പക്വത ഇല്ലായ്മയോ ആയിരിക്കാം കാരണം. ഒരു  പരിധി വരെ സാധാരണ  പെണ്‍കുട്ടികള്‍ക്ക്‌ ഈര്‍ഷ്യ ഉണ്ടാക്കുന്ന ഒരു സാദാ കാമുക പ്രകടനത്തില്‍ വിദ്യാഭ്യാസത്തിലും ചിന്താശേഷിയിലും ( നായിക വന്‍ ഉപന്യാസ രചനക്കാരി ആണെന്ന് പറയുന്നുണ്ട് പടത്തില്‍ ) ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന നായിക മയങ്ങി  , ദതാണ് കഥ . 

പതിവ്  പോലെ , നായകന്‍റെ പ്രേമം വിജയിപ്പിക്കാന്‍ വാലും പൊക്കി നടക്കുന്ന ഫ്രെണ്ട്സ് ഈ സിനിമയിലും ഉണ്ട് , അതൊക്കെ വിട്ടു കളയാന്‍ വിനീത് ശ്രീനിവാസന് കഴിയുമോ ? . വെറൈറ്റിക്ക് വേണ്ടി പോലീസ്‌ സാറന്മാരും പ്രേമം കല്ല്യാണത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു  ( അതാണത്രേ ജനമൈത്രി പോലീസിന്റെ പണി  ..  ഒന്ന് പോടാപ്പനെ ! )  . നായകന്‍റെ തല്ലു കൊണ്ട പോലീസ്‌ ചേട്ടന്‍ നായകന്റെ പ്രേമ കഥ കേള്‍ക്കാന്‍ വായും പൊളിച്ചു ഇരിക്കുന്ന അതിമനോഹരമായ രംഗവും ഉണ്ട് . പെണ്ണിന്റെ അച്ഛനെ വില്ലന്‍ ആക്കുന്നതിന് പകരം അച്ഛന്റെ ചേട്ടനെ വില്ലന്‍ ആക്കുന്നുണ്ട് , ഒരു വില്ലന്‍ ഇല്ലാതെ പ്രണയ കഥ എടുക്കാനൊന്നും വിനീത് ശ്രീനിവാസന് റേഞ്ച് ഇല്ലാന്ന് തോന്നുന്നു .   ഉപദേശിക്കാന്‍ നായരും ഉപദേശിപ്പിക്കപ്പെടാന്‍ മുസ്ലീം സമുദായവും , പിന്നെ  ,ഇപ്പോഴത്തെ ട്രെന്‍ഡ് ആയ കമ്മ്യൂണിസ്റ്റ്‌കാരെ നന്നാക്കാനുള്ള ഡയലോഗ് , അങ്ങനെ സിനിമ പുരോ (???) ഗമിക്കുന്നു . 

നല്ല ഗാനങ്ങളും ഗാനരംഗങ്ങളും ആണ് സിനിമയില്‍ ഉള്ളത് . സിനിമ പിടിക്കുന്നതിനു പകരം ഒരു ആല്‍ബം എടുത്താല്‍ നന്നായേനെ എന്ന് തോന്നുന്നു .  തരക്കേടില്ലാത്ത കുറച്ചു കോമഡി ദൃശ്യങ്ങളും സിനിമയില്‍ ഉണ്ട് .  സംഭാഷണങ്ങള്‍ പല ഘട്ടത്തിലും നാടകങ്ങളെ ഓര്‍മ്മിപ്പിച്ചു . യുവജനോല്‍സവ വേദികളില്‍ രാത്രികാലത്ത് പോലും പരിപാടികള്‍ അവതരിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള , ആ സമയത്ത് സൂപ്പര്‍വിഷന് ആരും വരാത്ത നായിക ആണ് സിനിമയില്‍ . നല്ല കളര്‍ഫുള്‍ സല്‍വാര്‍ കമീസ്‌ ആണ് നായിക ആ രംഗങ്ങളില്‍ ധരിക്കുന്നതും . എങ്കിലും, പര്‍ദക്കുള്ളില്‍ തടവിലാണ് നായിക എന്ന് പറയാന്‍ കഥാകാരന്‍ വെമ്പല്‍ കൊള്ളുന്നു .  സിനിമ കുറച്ചു മുന്നോട്ടു പോവുമ്പോള്‍ വീട്ടില്‍ നിന്നും പുറത്തു ഇറങ്ങാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ ആയി എന്ന് കാണിക്കുന്നുണ്ട് . അതെപ്പോ എങ്ങനെ നഷ്ടപ്പെട്ടു എന്ന് ഊഹിച്ചെടുക്കാന്‍ കഴിയുന്നില്ല . 

ഒരു വെറും പൈങ്കിളി ചിത്രം എന്ന നിലയില്‍ സാമാന്യ ബോധം മാറ്റി വെച്ചിട്ട് കാണാന്‍ ശ്രമിക്കാം , അത്രേ ഒള്ളു ! 

ഉസ്താദ്‌ ഹോട്ടലിനു ശേഷം ഇത് കണ്ടപ്പോ , പായസത്തിനു ശേഷം  കാഞ്ഞിരവെള്ളം കുടിച്ച പോലാ തോന്നിയത് !

Tuesday, June 19, 2012

കണ്ടത് പറഞ്ഞാല്‍ - സ്പിരിറ്റ്‌


ആദ്യ ദിവസം തന്നെ സ്പിരിറ്റ്‌ കണ്ടു . അഭിപ്രായങ്ങളോ ആസ്വാദനങ്ങളോ കേള്‍ക്കാതെ ഒരു പടം കാണുന്നതാ നല്ലത് . മുന്‍ ധാരണകള്‍ ഇല്ലാതെയുള്ള സിനിമാക്കാഴ്ച അതിനൊരു ഭംഗി ഉണ്ട്.  രഞ്ജിത്ത് മൂവീ , അതായിരുന്നു അട്രാക്ഷന്‍ .  കയ്യൊപ്പും തിരക്കഥയും പാലേരി മാണിക്യവും പ്രാന്ചിയെട്ടനും ഒരു പരിധി വരെ രഞ്ജിത്ത് ഫാന്‍ ആക്കി എന്നെ മാറ്റിയിരുന്നു . രഞ്ജിത്തിന്റെ കയ്യടക്കം ആയിരുന്നു അന്നെല്ലാം "കിടിലം" എന്ന് എനിക്ക് തോന്നിയത് . അതില്‍ നിന്നും സ്പിരിറ്റില്‍ എത്തിയപ്പോള്‍ , ഒട്ടും ഹോം വര്‍ക്ക്‌ ചെയ്യാതെ എടുത്ത പോലെ തോന്നി . അടിസ്ഥാനപരമായി ഒരു സിനിമ ആണ് എടുക്കുന്നത് എന്നത് രണ്ടാം പകുതി ആയപ്പോള്‍ രഞ്ജിത്ത് മറന്നെന്നു തോന്നുന്നു. അതോ മറ്റു പലരെയും പോലെ ..ഞാന്‍ "ജീനിയസ്‌ " എന്ന ഭാവം അദ്ദേഹത്തിനും വന്നുവോ എന്തോ !

പേര് സൂചിപ്പിക്കും പോലെ മദ്യം അഥവാ മദ്യപാനം ആണ് മുഖ്യ പ്രമേയം . സിനിമയില്‍  മോഹന്‍ലാല്‍ - രഘുനാഥന്‍ .  കാശുകാരന്‍, വിദേശ ബാങ്കിലെ ജോലി കളഞ്ഞിട്ടു   മദ്യപാനവും അല്പം മീഡിയ പരിപാടികളും എഴുത്തും ആയി കഴിയുന്നു . പിന്നെ കനിഹ, ശങ്കര്‍ രാമകൃഷ്ണന്‍ , മധു , നന്ദു , കല്പന , തിലകന്‍ , സിദ്ധാര്‍ത്ഥ്  ഒരു പാട് മദ്യക്കുപ്പികളും .
ഇപ്പൊ കുറച്ചു നാളായി അവിവാഹിതനായോ വിവാഹമോചിതന്‍ ആയോ അഭിനയിക്കാന്‍ ആണ് മോഹന്‍ ലാലിന് യോഗമെന്ന് തോന്നുന്നു . സ്പിരിറ്റിലും ആ പതിവ് തെറ്റിയിട്ടില്ല .ന്യൂസ് ടീ വീ എന്ന ചാനലിന്റെ ഫ്ലാഗ് ഷിപ്പ് പ്രോഗ്രാമിന്റെ അവതാരകന്‍ ആയാണ് ലാല്‍  ഈ സിനിമ (?) മുന്നോട്ടു പോവുന്നത് .  വളരെ ഇന്റലക്ച്വല്‍ ആയ ആള്‍ക്കാരെയും സാധാരണക്കാരനയയൂം മദ്യം ഒരു പോലെ അടിമ ആക്കുന്നു എന്നായിരിക്കണം രഞ്ജിത്ത് പറഞ്ഞു വെയ്ക്കാന്‍ ശ്രമിക്കുന്നത് . പുത്തന്‍ മലയാള  സിനിമാ രീതികളില്‍  ( കോപ്പി അടി എന്ന് വേര്‍ഡ്‌ മൂവീസ് കാണുന്നവരും, പ്രചോദനം ഉള്‍ക്കൊണ്ടു  എന്ന്  സിനിമ എടുക്കുന്നവരും പറയുന്ന  ജെനുസ്‌ ) കണ്ടു കൊണ്ടും കേട്ട് കൊണ്ടും ഇരിക്കുന്ന തെറികളും ഹൈ ഫൈ ജീവിതങ്ങളും  എല്ലാം സ്പിരിറ്റിലും കാണാം . 

ആ .. തെറിയുടെ കാര്യം പറഞ്ഞപ്പോഴാ .. "ഫക്ക്" തെറി രൂപേണ ഈ സിനിമയില്‍ പലയിടത്തും മിഴിവോടും തെളിവോടും കടന്നു വരുന്നുണ്ട് . അത് സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡിനു താല്പര്യമില്ല ( സെന്‍സര്‍ ചെയ്യണം എന്ന് എനിക്ക് അഭിപ്രായവും ഇല്ല )  . പക്ഷെ (ഗുഹ്യപ്രദേശത്തെരോമം എന്നര്‍ത്ഥം വരുന്ന വാക്ക്‌ സെന്‍സര്‍ ചെയ്തിരിക്കുന്നു . ഫക്കിനെക്കാള്‍ വല്ല്യക്കാട്ട തെറി ആണോ അത് എന്ന് എനിക്കറിയില്ല . മലയാള തെറിയോടു ബോര്‍ഡിനുള്ള അവജ്ഞ ആയിരിക്കണം മലയാള തെറിയെ ഊമയാക്കാനും ഇംഗ്ലീഷ് തെറിയെ എക്കോ ഇട്ടു കേള്‍പ്പിക്കാനും  ഇടവരുത്തിയത് . രഞ്ജിത്ത് സിനിമകളില്‍    പതിവില്ലാത്ത വിധം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്പിരിറ്റില്‍ കടന്നു വന്നു .

മോഹന്‍ലാല്‍ എന്ന അതുല്ല്യ നടന്‍ വളരെ തന്മയത്വത്തോടെ കുടിയന്റെയും അവതാരകന്റെയും റോള്‍ ചെയ്തിരിക്കുന്നു . ഇന്നത്തെ അഗ്രസീവ് ആയ അഭിമുഖപരിപാടി അവതാരകര്‍ ആയിരിക്കണം ഇത്തരം ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ രഞ്ജിത്തിന് പ്രചോദനം .  മധു അവതരിപ്പിച്ച പെന്‍ഷന്‍ പറ്റിയ ക്യാപ്ടന്‍ വേഷം രസമായി . ശങ്കര്‍ രാമകൃഷ്ണന്‍ ഏല്‍പ്പിച്ച ജോലി ചെയ്തു . തിലകനു ഒരു കൊച്ചു റോള്‍ ആണ് കൊടുത്തത് . കനിഹയുടെ വല്ല്യ പ്രാധാന്യം തോന്നാത്ത കഥാപാത്രത്തെ അല്‍പം "എന്റെര്റെയിന്മേന്റ്റ്‌ " വാല്യൂവോടെ അവതരിപ്പിച്ചു  :-)  . ലെന തന്റേടിയായ പോലീസ്‌ ഓഫീസര്‍ വേഷം തരക്കേടില്ലാതെ ചെയ്തു .  ഒരു പാട്  മെയില്‍ ഷോവനിസ്റ്റ് കഥാപാത്രങ്ങള്‍ സൃഷ്ടിച്ചു ബോറടിച്ച കൊണ്ടായിരിക്കണം " ഞാന്‍ ഒരു ഷോവനിസ്റ്റ് അല്ല " എന്ന് നായകനെ കൊണ്ട്  രഞ്ജിത്ത് പറയിപ്പിക്കുന്നത് .
പറയാന്‍ വിട്ടു പോയ ഒരു കാര്യം .. നന്ദു  അവതരിപ്പിച്ച മദ്യപാനി . ജഗതി ചെയ്യേണ്ടിയിരുന്ന വേഷം ആയിരുന്നു അത് .  കഥാപാത്രത്തിന്റെ കാതല്‍ ഒട്ടും വിട്ടു പോവാത്ത വണ്ണം അദ്ദേഹം അത് ഭംഗിയായി ചെയ്തു . ( സുദേവ് , ഓര്‍മ്മിപ്പിച്ചതിനു നന്ദി :-) ) 

അതിവേഗത ഇല്ലെങ്കിലും ഒഴുക്കോടെ കൊണ്ട് പോയ ആദ്യ പകുതിക്ക് ശേഷം , പൂര്‍ണ്ണമായും ഉപദേശം / ഡോക്യുമെന്ററി എന്ന രീതിയിലേക്ക് സിനിമ മാറിയതായി എനിക്ക് തോന്നി . ഒരേ ഷോട്ട്‌ തന്നെ ആവര്‍ത്തിച്ചു കാണിച്ചു പ്രേക്ഷകനെ മടുപ്പിക്കുകയും സിനിമയെ ഒച്ചിന്റെ വേഗതയില്‍ ആക്കുകയും ചെയ്തു . സംവിധായകനെന്ന നിലയില്‍  രഞ്ജിത്ത് കുറച്ചു കൂടെ ശ്രധിക്കെണ്ടിയിരുന്നു എന്ന് തോന്നു . കുറഞ്ഞതു  എഡിറ്റിങ്ങില്‍ എങ്കിലും ആ കുറവ് പരിഹരിക്കമായിരുന്നു .  ഇതൊക്കെ ആണെങ്കില്‍ തന്നെയും  , ഇത്തരം ഒരു പ്രമേയം ധീരമായി സിനിമ ആക്കാന്‍ ശ്രമിച്ച രഞ്ജിത്തും നന്നായി അതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .

കുടുമ്പത്തിലെ എല്ലാവരും ഒരുമിച്ചു പോയി ആസ്വദിക്കുമോ എന്ന് എനിക്ക് സംശയമുണ്ട്‌ .  ഉപദേശം കേള്‍ക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പോവാം .മലയാളത്തില്‍  വ്യത്യസ്തമായ ചലച്ചിത്രം ആണ് . പിന്നെ എന്റെ കാര്യം പറഞ്ഞാല്‍ .. ഞാന്‍ ഡിസപ്പോയിന്ടഡായി  !

സ്പിരിറ്റില്‍ രഘുനാഥന്‍ അവതരിപ്പിച്ച വ്യത്യസ്തമായ ഹെഡ്‌ ഫോണ്‍ :)
വാല്‍ക്കഷണം :  സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോള്‍  , ഒരു ചെക്കന്‍ ഒരു ചേട്ടനോട് സംസാരിക്കുന്നത്  കണ്ടു  .. 


ചെക്കന്‍ : ചേട്ടോ പടം എങ്ങനെ ഒണ്ടു 
ചേട്ടന്‍ :  ഡാ ചെര്‍ക്കാ .. നീ പോയി വല്ല പള്ളീലും ധ്യാനത്തിന് ഇരിക്ക്  .. ഈ പടത്തിനു  കയറുക ഒന്നും വേണ്ട

Saturday, June 9, 2012

കണ്ടത് പറഞ്ഞാല്‍ .. മഞ്ചാടിക്കുരു
ര്‍പ്പുവിളിയും  വെടിക്കെട്ടുമില്ലാതെ ഒരു കൊച്ചു ചിത്രം വിരലില്‍ എണ്ണാവുന്ന തീയേറ്ററുകളില്‍ ഓടുന്നുണ്ട് , 'മഞ്ചാടിക്കുരു' . രണ്ടു വര്‍ഷം എങ്കിലും ആയിക്കാണും ഈ ചിത്രം പൂര്‍ത്തിയായിട്ടു  .  നൊസ്റ്റാള്‍ജിയ  ആണ് ഈ ചിത്രത്തിന്റെ പ്രമേയം . നമ്മളെ ഇരുപതു വര്‍ഷം പിന്നോട്ട്  കൊണ്ട് പോവാന്‍ ഈ ചിത്രത്തിന്റെ രചനയും സംവിധാനവം നിര്‍വഹിച്ച അഞ്ജലി മേനോന് കഴിയുന്നുണ്ട് . 

നായകന്‍ ഇരുപതു വര്‍ഷങ്ങള്‍ക്കപ്പുറം ഉള്ള ഓര്‍മ്മ പങ്കു വെക്കുന്നതിലൂടെ ആണ് കഥ വികസിക്കുന്നത് . തെക്കന്‍ മലബാറിലെ ഒരു ഗ്രാമത്തിലേക്ക് ഗള്‍ഫില്‍ നിന്നും എത്തുന്ന ഒരു പത്തു വയസ്സുകാരന്റെ,വിക്കിയുടെ , പതിനാറു ദിവസത്തെ ഓര്‍മ്മ ആണ് മഞ്ചാടിക്കുരു . പേര് പോലെ തന്നെ കുട്ടി കുട്ടി ഓര്‍മ്മകള്‍ , അന്നിന്റെ ദൃശ്യങ്ങള്‍  എല്ലാം നന്നായി പകര്‍ത്തി എന്ന് പറയാം . 

മൂന്നു കുട്ടികള്‍ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍ മൂന്നു പേരും ഒന്നിനൊന്നു മെച്ചം . പഴയ തറവാടും അവിടുത്തെ കഥാപാത്രങ്ങളും അവര്‍ തമ്മിലുള്ള വഴക്കും , സ്നേഹവും , നിസ്സഹായതകളും എല്ലാം മനസ്സില്‍ കൊച്ചു നൊമ്പരമായി , സന്തോഷമായി പൊട്ടിച്ചിരിയായി മാറുകയായിരുന്നു ആ ചലച്ചിത്രകാഴ്ചയില്‍ ( ആത്മന്‍ : ഡേയ് ഓവര്‍ ആക്കി ചളമാക്കാതെടെയ്‌ ....... ) 

ആ തറവാട്ടിലെ വേലക്കാരി ആയി വേഷമിട്ട കുട്ടിയും മികച്ച അഭിനയം ആണ് കാഴ്ച വെച്ചത് . നായകന്‍ വിക്കിയുടെ അമ്മയായി ഉര്‍വശി നല്ല അഭിനയം കാഴ്ച വെച്ചു . അകാലത്തില്‍ ഈ ലോകത്തെ വിട്ടു പോയ മുരളിയും ഈ ചിത്രത്തില്‍ ചെറുതെങ്കിലും ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നു . റഹ്മാനും തിലകനും കവിയൂര്‍ പൊന്നമ്മയും ഒന്നും മോശമാക്കിയില്ല . 

കുട്ടിക്കാലത്ത് നമ്മുടെ എല്ലാ കുസൃതികള്‍ക്കും മിക്കപ്പോഴും കൂട്ട് കസിന്‍സ്‌ ആവും , അങ്ങനെ മൂന്നു പേര്‍ ആണ് ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോവുന്നത് . പല രംഗങ്ങളും പണ്ട് നമ്മള്‍ ചെയ്ത കാര്യങ്ങളെ ക്രിത്രിമത്വമില്ലാതെ ആവിഷ്കരിക്കുന്നു . മുതിര്‍ന്ന വിക്കിയുടെ ശബ്ദം പൃഥ്വിരാജ് ആണ് കൊടുക്കുന്നത് . സിനിമയില്‍ ഒരു നരേറററിന്റെ ചുമതലയും കാമിയോ അപ്പിയറന്സും   പൃഥ്വിരാജ്  വൃത്തിയോടെ ചെയ്തിട്ടുണ്ട് .  ചിത്രത്തിലെ പല രംഗങ്ങളിലും സിനിമയിലെ കുട്ടിപ്പടയിലെ കൊച്ചു കുരുമ്പത്തി കൊണ്ട് നടക്കുന്ന മഞ്ചാടിക്കുരു രസമായി  :-)

ജീവിതം കെട്ടിപ്പടക്കാനും ദുര കൊണ്ടും സൗകര്യങ്ങള്‍ ഇഷ്ടപ്പെട്ടും പലരും വേരുകള്‍ പറിച്ചെറിഞ്ഞു ദൂരങ്ങളില്‍ കൂട് കൂട്ടാറുണ്ട് .. ജീവിതം ഒരു പടി താണ്ടുമ്പോള്‍ തിരിച്ചു വരാന്‍ ആവാത്ത വിധം നമ്മുടെ വേരുകള്‍ നഷ്ടപ്പെട്ടിരിക്കും . ആ നഷ്ടം, ഒന്നുമല്ല എന്ന് ഭാവിച്ചു ജീവിക്കാനായേക്കാം . എനിക്കതിനാവില്ല , ഈ സിനിമ കണ്ടിറങ്ങിയപ്പോള്‍  മനസ്സില്‍ നിന്നത് വെറും നൊസ്റ്റാള്‍ജിയ മാത്രമല്ല . ബന്ധങ്ങളുടെ തീവ്രതയും വേരുകളോട് ഉള്ള ഇഷ്ടവും ആണ് . എനിക്കൊന്നും  നഷ്ടപ്പെടാന്‍ ആവില്ല ... 

ഒരു കൊച്ചു ചലച്ചിത്രം വല്ല്യ ജനക്കൂട്ടം ഇല്ലെങ്കില്‍ തന്നെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് മനസ്സിന് സന്തോഷം പകര്‍ന്നു . കുട്ടികളിലൂടെ മനുഷ്യ സ്നേഹവും ബന്ധവും അതിന്റെ ഊഷ്മളതയും എല്ലാം കാഴ്ച്ചക്കാരനില്‍ എത്തിക്കാന്‍  അഞ്ജലി മേനോന് കഴിഞ്ഞു . 


നല്ല ചിത്രം .. കണ്ടു നോക്കൂ .. ഇഷ്ടപ്പെടും :) 

Monday, April 23, 2012

കണ്ടത് പറഞ്ഞാല്‍ -22 ഫീമെയില്‍ കോട്ടയം22 ഫീമെയില്‍ കോട്ടയം കണ്ടു . വ്യത്യസ്തമാര്‍ന്ന പേരുകൊണ്ടും നല്ല ഒരു ടൈറ്റില്‍ സോണ്ഗ് കൊണ്ടും ആഷിക് അബു വിന്റെ ചിത്രം എന്നതുകൊണ്ടും കാണണം എന്ന് ആഗ്രഹിച്ചിരുന്ന ചിത്രം. റിവ്യൂകള്‍ ഒന്നും വായിച്ചിരുന്നില്ല . പലപ്പോഴും റിവ്യൂവില്‍ തിരക്കഥ കേറ്റുന്ന പരിപാടി ഉള്ളതുകൊണ്ടാണ് റിവ്യൂ വായിക്കാത്തത് . ഇനി ഓരോന്നായി വായിക്കണം. റിവ്യൂ വായിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ എങ്ങനെ ആസ്വദിച്ചു എന്നത് ഇവിടെ കുറിച്ചിടാന്‍ ആയില്ലെന്ന് വരും .
ഞാന്‍ എന്തിനു ഇവിടെ കുത്തികുറിച്ച് ഇടുന്നു എന്ന് എ വെച്ചാല്‍ ബ്ലോഗ്‌ തുരുംപെടുക്കാതിരിക്കാനുള്ള ഒരു വഴി . അത്രേ ഒള്ളു .

കാട് കയറുന്നില്ല , സിനിമയിലേക്ക് . തീവ്രമായ ഒരു ചലച്ചിത്ര അനുഭവം ആണു 22 ഫീമെയില്‍ കോട്ടയം. സ്ത്രീ കഥാപാത്രങ്ങള്‍ മുഖ്യ കഥാപാത്രങ്ങള്‍ ആവുന്ന അപൂര്‍വ്വം സിനിമകളില്‍ ഒന്നും ആണു 22 f kottayam . റീമ കല്ലിന്കളും ഫഹദ് ഫാസിലും ആണു പ്രധാന വേഷങ്ങളില്‍ . പിന്നെ മുന്‍കാല നായകന്‍ പ്രതാപ് പോത്തന്‍ , സത്താര്‍ , ടീ ജീ രവി ഒരു പിടി പുതിയ അഭിനേതാക്കളും(താരങ്ങള്‍ എന്ന് വിളിക്കാന്‍ ഇഷ്ടമില്ല :-) ) . മഹാത്വമാര്‍ന്ന ഒരു കിടിലന്‍ പടം എന്നൊന്നും പറയുന്നില്ല . എങ്കിലും ഇന്നത്തെ കാലത്ത് ഇറങ്ങുന്ന ... ഫാമിലി ചിത്രങ്ങള്‍ ,കോമടി പടം , ആക്ഷന്‍ പടം എന്നിങ്ങനെ ലേബല്‍ ല് ഇറങ്ങുന്ന സിനിമകളേക്കാള്‍ എത്രയോ ഭേദം ആണു .

ബാംഗ്ലൂര്‍ ലെ നെഴ്സ്മാര്‍ മിക്കതും പോക്ക് കേസ് ആണു എന്നുള്ള ഒരു സാമാന്യ ജന താല്പര്യം കാത്തു സൂക്ഷിക്കാന്‍ സംവിധായകന്‍ മറന്നിട്ടില്ല ! ( എനിക്കത്ര ഇഷ്ടപ്പെട്ടില്ല ആ സമീപനം ) . എങ്കിലും ഈ ചലച്ചിത്രത്തിന് ഒരു പശ്ചാത്തലം ഒരുക്കാന്‍ അത്തരം ഒരു നീക്കം ആവശ്യമായിരുന്നു . ചടുലമായ സീനുകള്‍ ഇല്ലെന്നു തന്നെ പറയാം . എങ്കിലും തിരക്കഥയിലെ കയ്യോതുക്കം അവസാന സീന്‍ വരെയും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പര്യാപ്തമായി. തീവ്രതയുള്ള ഒരു പ്രമേയത്തെ അധികം നാടകീയമാക്കാതെ അവതരിപ്പിക്കാന്‍ ആഷിക് അബു വിനു സാധിച്ചു .
വ്യത്യസ്തമായ പ്രോമോ കൊണ്ടും , പോസ്റ്ററിലെ ടാഗ് ലൈന്‍ കൊണ്ടും തനിമ കാട്ടാനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയി .

കാശ് നഷ്ടമില്ലാതെ , മലയാളിയുടെ കപട സദാചാരബോധം മാറ്റി വെച്ചാല്‍ കുടുമ്പ സമേതം കാണാവുന്ന ഒരു ചിത്രം.


Saturday, February 25, 2012

കണ്ടത് പറഞ്ഞാല്‍ - ഈ അടുത്ത കാലത്ത്'കോക്ക്ടെയിലി'ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഏറ്റവും പുതിയ റിലീസ്‌ ചിത്രം ആണ് 'ഈ അടുത്ത കാലത്ത് ' , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തത് ( ഭ്രമരത്തിലെ ഡോക്ടര്‍ .... ഭരത് ഗോപിയുടെ മകന്‍ ) . കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഇറങ്ങിയ , മള്‍ടിപ്ലെക്സ് ചലച്ചിത്രങ്ങളായ , കോക്ക്‌ടെയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ , സിറ്റി ഓഫ് ഗോഡ്‌ , ബ്യൂട്ടിഫുള്‍ ഇത്യാദികളോട് ചേര്‍ത്ത് വെയ്ക്കാം "ഈ അടുത്ത കാലത്തി " നെയും .

പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ്‌ പറഞ്ഞു തോക്കെടുക്കുന്ന പോലീസ്‌ കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും രിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഇത്തരം സിനിമകള്‍ .

വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ഉള്ള രണ്ടു കുടുമ്പങ്ങളുടെ ജീവിതങ്ങള്‍ സമാന്തരമായി കാണിച്ചു , ഒരു സംഭവത്തിലൂടെ ഈ സമാന്തര ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഈ ചിത്രത്തില്‍ . പ്രധാനമായും ആറു കഥാപാത്രങ്ങള്‍ ആണ് ഈ സിനിമയില്‍ .. ഇന്ദ്രജിത്ത് , മുരളി ഗോപി ,അനൂപ്‌ മേനോന്‍ ,നിഷാന്‍ ,മാണിക്യം മൈഥിലി ,തനുശ്രീ ഘോഷ്. ഇന്ദ്രജിത്ത് ഒരു പാട്ട പെറുക്കിയായി വേഷമിടുന്നു ഭാര്യയായി മൈഥിലി . ഒരു ബിസിനസ്മാന്‍ ആയി മുരളി ഗോപി ഭാര്യ തനുശ്രീ ഘോഷ് , പോലീസ്‌ കമ്മീഷണര്‍ ആയി അനൂപ്‌ മേനോന്‍ , മറ്റൊരു പ്രധാന കഥാപാത്രമായി നിഷാനും .

ആദ്യ പകുതിയില്‍ അല്പം ഇഴച്ചില്‍ അനുഭവപ്പെട്ടു . പല സീനുകളും ഒഴിവാക്കാവുന്നതോ , വെട്ടി ചുരുക്കാവുന്നതോ ആയിരുന്നു. മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രത്തിനു ചില ഫ്രസ്ട്രെഷന്‍സ് ഉണ്ട് , അത് ഒന്നോ രണ്ടോ സീന്‍ കൊണ്ട് പ്രേക്ഷകര്‍ മനസ്സിലാക്കും , എന്നാലും പ്രേക്ഷകന് അത്രയ്ക്ക് ബുദ്ധി പോര , കുറച്ചു തവണ കൂടി കാണിച്ചാലേ അവന്മാര്‍ക്ക് മനസ്സിലാവൂ എന്ന് സംവിധായകനും തിരക്കഥാകൃത്തും കരുതി എന്ന് തോന്നുന്നു . ഈ കുറവ് രണ്ടാം പകുതിയില്‍ സംവിധായകനും തിരക്കഥാകൃത്തും പരിഹരിച്ചു . ഒതുക്കത്തില്‍ ഉള്ള സംഭാഷങ്ങള്‍ ശ്രദ്ധേയമായി . കൊച്ചു കൊച്ചു ഡയലോഗ് വഴി തീയേറ്ററില്‍ പൊട്ടിച്ചിരിയും കയ്യടിയും സൃഷ്ടിക്കാനും ഇവര്‍ക്കായി . കുറച്ചു "ട്വിസ്റ്റുകളും " സംഭവ പരമ്പരകളും കൊണ്ട് രസച്ചരട് പൊട്ടാതെ കൊണ്ട് പോകാനും സിനിമക്ക് കഴിഞ്ഞു . സമകാലീന സംഭവങ്ങളും ഒന്ന് രണ്ടു നൊസ്റ്റാള്‍ജിക്ക്‌ സിനിമ ഡയലോഗുകള്‍ കോര്‍ത്തിണക്കിയും പ്രേക്ഷകരെ സിനിമയോട് ചേര്‍ത്തു വെയ്ക്കാന്‍ 'ഈ അടുത്ത കാലത്തിനു ' സാധിച്ചു . കുടുമ്പ പ്രേക്ഷകരെ ലക്ഷ്യം വെച്ച് എടുത്ത ഒരു ചിത്രമാണ് ഇതെന്നു തോന്നുന്നില്ല .

ഈ സിനിമയുടെ ഹൈലൈറ്റ് ഇന്ദ്രജിത്ത് അവതരിപ്പിച്ച "വിഷ്ണു " എന്ന കഥാപാത്രം ആണ് . വ്യത്യസ്ഥമായ പല വേഷങ്ങളും ചെയ്ത ഇന്ദ്രജിത്ത്, വളരെ നല്ല രീതിയില്‍ വിഷ്ണുവിനെ അവതരിപ്പിച്ചിരിക്കുന്നു . ഡയലോഗ് പ്രസന്റേഷന്‍ സൂപ്പര്‍ ആയിരുന്നു എന്ന് പറയാതെ വയ്യ . പിന്നെ പതിവ് വളിപ്പ് കോമഡിക്കാരെ ഒന്നും കുത്തി നിരക്കാതെ തന്നെ സിനിമയില്‍ ഫലിതം കാണിക്കാം എന്നു ഈ സിനിമയും തെളിയിച്ചു .

ചുരുക്കത്തില്‍ ... സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നു ആസ്വദിച്ചു കാണാവുന്ന ഒരു നല്ല ചിത്രം .

പീ . എസ് 1: തനുശ്രീ ഘോഷ് ... ഒരു മസാല്‍ ദോശ തന്നെ
പീ. എസ് 2 : സിനിമ കഴിഞ്ഞു വരുന്ന വഴി 'സം സം ' ന്നു മട്ടന്‍ പെപ്പര്‍ ഫ്രൈ യും പൊറോട്ടയും ഒരു ബനാന സ്പ്ലിറ്റ് ഉം തട്ടി .. സൂപ്പര്‍ ആണ്
Sunday, January 15, 2012

കണ്ടത് പറഞ്ഞാല്‍ : സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍


കഴിഞ്ഞ ദിവസം പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ കണ്ടു . മിക്കപ്പോഴും ഒരു സിനിമയുടെ രണ്ടാം ഭാഗം വിജയിക്കാറില്ല അല്ലെങ്കില്‍ ഒന്നാംഭാഗത്തിന്റെ നിഴലായി ഒതുങ്ങും .ഉദയനാണ് താരം എന്ന സിനിമയിലെ , ഒരു പ്രധാന കഥാപാത്രമായ രാജപ്പന്‍ തെങ്ങുംമൂട് അഥവാ സരോജ്കുമാര്‍ എന്ന കഥാപാത്രത്തെ അവലമ്പിച്ചു ഒരു സിനിമ എടുത്തപ്പോള്‍ അത് ഉദയനാണ് താരത്തിന്റെ നിഴല്‍ പോലും ആയില്ല എന്നതാണ് ദുഃഖസത്യം !

ആക്ഷേപഹാസ്യം എന്ന രീതിയില്‍ സ്വീകരിക്കാന്‍ ആവാത്ത ആഭാസത്തരം ആണ് ഈ ചിത്രം ഉടനീളം . ശ്രീനിവാസന്റെ പഴയ കാല സ്ക്രിപ്റ്റുകളുടെ ഏഴയലത്തു വരില്ല സൂപ്പര്‍ സ്റ്റാര്‍ സരോജ് കുമാറിന്റെ സ്ക്രിപ്റ്റ്‌ . ഉദയനാണ് താരത്തില്‍ ശക്തമായ ഒരു കഥ ഉണ്ടായിരുന്നു എങ്കിലും ഈ ചലച്ചിത്ര ആഭാസത്തില്‍ കഥയില്ലായ്മ ആണ് മുഴച്ചു നിന്നത് . സിനിമാല പോലുള്ള പരിപാടികള്‍ ഈ ചിത്രത്തിലും എത്രയോ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നു . അത് പോലെ ഒരു പരിപാടി ചലച്ചിത്രമായി കാണാന്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെ തോന്ന്യാസം എന്നേ പറയാന്‍ പറ്റൂ .

ഉദയനാണ് താരത്തിലെ മിക്ക കഥാപാത്രങ്ങളെയും ഈ ചിത്രത്തിലും കാണിക്കാനോ പരാമര്‍ശിക്കാനോ ശ്രമിക്കുന്നു എന്നത് ഒഴിച്ചാല്‍ , ആ ചിത്രവുമായി നിലവാരത്തിന്റെ കാര്യത്തില്‍ പുലബന്ധം പോലും പുലര്‍ത്താന്‍ ശ്രീനിവാസന് ആവുന്നില്ല . സംവിധായകനെ പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല , അതേതോ പാവം ( ആയിരിക്കും ) . ഉദയനാണ് താരത്തിന്റെ തിരക്കഥ ശ്രീനിവാസന്‍ എഴുതിയെങ്കില്‍ , സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാറിന്റെ തിരക്കഥ , സരോജ്കുമാര്‍ എന്ന കഥാപാത്രം ആയി മാറിയോ മറ്റോ ആയിരിക്കണം ശ്രീനിവാസന്‍ എഴുതിയത് ! അല്ല അങ്ങനെ പറയുന്നതിലും വല്ല്യ കാര്യമില്ല , കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനു ഇടയ്ക്കു , ശ്രീനിവാസന്റെ ഭേദപ്പെട്ട ഒന്നോ രണ്ടോ സ്ക്രിപ്റ്റ് ആയിരിക്കും മലയാളചലച്ചിത്ര "വ്യവസായത്തിന് " ലഭിച്ചിരിക്കുക .

പലപ്പോഴും മോഹന്‍ലാലിനെ നേരിട്ട് ടാര്‍ഗറ്റ് ചെയ്ത പോലെ ആയിരുന്നു സീനുകള്‍ . മിമിക്രി താരങ്ങളെ ഡ്യൂപ്പ് പോലെ കാണിച്ചു , സിനിമയെ ഇറിട്ടെറ്റിംഗ് ആക്കാനും ഈ സിനിമയ്ക്ക് സാധിച്ചു !

വിനീത് ശ്രീനിവാസിന്റെ കഥാപാത്രത്തെ പൊലിപ്പിക്കാന്‍ ശ്രമിച്ചു അമ്പേ പരാജയപ്പെടുന്ന ശ്രീനിവാസനെയും ഈ ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞു . ഒരു സീന്‍ പോലും കയ്യടക്കത്തോടെ എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചില്ല . അല്ല , നല്ല ഒരു കഥ ഇല്ലാതെ എങ്ങനെ സീന്‍ നന്നാവും ? !! ഓരോ കഥാപാത്രങ്ങള്‍ വന്നു , ടീ വീ യില്‍ വാര്‍ത്ത വായിക്കുന്നത് പോലെ കഥ പറഞ്ഞു തരാന്‍ ശ്രമിക്കുന്നതാണ് ഞാന്‍ കണ്ടത് . തുടക്കത്തില്‍ മുകേഷിന്റെ ബേബിക്കുട്ടന്‍ എന്ന കഥാപാത്രം വന്നു ഒരു പതിനഞ്ചു മിനുറ്റ് കഥ "റിപ്പോര്‍ട്ട് " ചെയ്യും . പിന്നെ സരോജ്കുമാരിന്റെ ഭാര്യ കുറച്ചു കഥ റിപ്പോര്‍ട്ട് ചെയ്യും . കഷ്ടം തന്നെ !

സിനിമ തീരാന്‍ ആവുമ്പോ "സന്തോഷ്‌ പണ്ഡിറ്റ്‌ കീ ജയ് "എന്ന് പലരെക്കൊണ്ടും വിളിപ്പിക്കാനായി ശ്രീനിവാസന് !!

രണ്ടു പാട്ടുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ , സുപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ ,റേറ്റിംഗ് അര്‍ഹിക്കാത്ത , മലയാളസിനിമ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം ആയിരിക്കും .

പറയാനുള്ളത് പറഞ്ഞു .. വേണമെങ്കി പോയി തലവെയ്ക്കാം !

gplus utube buzz