അപ്പൊ പറഞ്ഞു വരുന്നത് .. ആറാം ക്ലാസ്സില്‍ ആയപ്പോ നവോദയയില്‍ നിന്നു ചാടി പോന്ന ഞാന്‍ പിന്നെ പഠിക്കാന്‍ പോയത് അമ്മവീട്ടിന്റെ അടുത്ത് ഉള്ള സ്കൂളിലാ , അതായത് , ലടു ഒക്കെ കൊടുത്തു ടാറ്റാ ബൈ ബൈ പറഞ്ഞു പോയ സ്കൂളിലേക്ക് തിരിച്ചു പോവാന്‍ എനിക്ക് പറ്റില്ലാരുന്നു , യു നോ, അഫ്ടെര്‍ ഓള്‍ ഐ അം ആന്‍ അഭിമാനി !
അമ്മയും അമ്മാവനും ഒക്കെ പഠിച്ച സ്കൂള്‍ , അവര്‍ക്കൊരു ചീത്തപേരു ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത്രയും ആയില്ലേ . ഒരു നവംബര്‍ പതിനാലാം തീയതി എന്നെ ലവിടെ കൊണ്ടു ചേര്‍ത്തു . കൊറേ നാള്‍ സ്കൂളില്‍ ഒക്കെ പോവാണ്ട് നിന്നതുകൊണ്ടും പുതിയ സ്ഥലം ആയതു കൊണ്ടും വല്ലായ്മകുറവില്‍ നിന്നുണ്ടായ ഒരു സുഖമില്ലായ്മ ഉണ്ടാരുന്നു . അക്കാലത്ത് നല്ല തടി ആരുന്നുഎനിക്ക് (ഇപ്പൊ ഒട്ടും തടി ഇല്ലാട്ടോ ) .തടി എന്നതിന് ഹിന്ദി എന്താന്നു ഞാന്‍ ചെന്ന ദിവസം തന്നെ ലീല ടീച്ചര്‍ പഠിപ്പിച്ചു , അതോടെ എനിക്ക് പേരും കിട്ടി, തടി = ലക്കടി .. മേരാ നാം ലക്കടി ബന്‍ഗയാ !!! നന്ദി ടീച്ചര്‍ ! നന്ദി !!!
ആ ഒരു വര്‍ഷം , അതായത് ബാക്കി ഉള്ള ടൈം ഞാന്‍ പഠിച്ചു , തരക്കേടില്ലാത്ത മാര്‍ക്കും കിട്ടി , സ്കൂളിലെ ടോപ്പര്‍കൊച്ചു ഞങ്ങടെ ക്ലാസ്സില്‍ ആരുന്നു , പത്തു വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഇടയ്ക്കു അവളെ കണ്ടാരുന്നു . അപ്പൊ അവള് പറയുവാ , ഞാന്‍ വരുന്നെന്റെ മുന്നേ ക്ലാസ്സ് ടീച്ചര്‍ അവളോട് പറഞ്ഞെന്നു , ഒരു നവോദയ പയ്യന്‍ വരുന്നൊണ്ട്, നല്ലവണ്ണം പഠിക്കണം , അല്ലെങ്കി റാങ്ക് പോവുമെന്ന് . നമ്മ ഇതൊന്നും അറിഞ്ഞില്ലെടാവേ ,അല്ലെങ്കി കാണിച്ചു കൊടുക്കാരുന്നു . അത് കൊണ്ടു അവള്‍ക്കു ഭയങ്കര വാശി ആരുന്നത്രേ .
ആറും കഴിഞ്ഞു ഏഴാം ക്ലാസ്സ് ആയപ്പോ ഈ ടോപ്പര്‍കൊച്ചു ആരുന്നു ക്ലാസ്സ് ലീഡര്‍ , ഞാന്‍ സെകണ്ട് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ഒരു പാവവും . എന്താ ലതിന്റെ സീക്രട്ട് ന്നു അറിഞ്ഞൂട , ആണ്‍പിള്ളേരും പെണ്‍പിള്ളേരും ഫയങ്കര ഫീകര ശത്രുക്കളെ പോലെ ആരുന്നു പെരുമാറിയിരുന്നത് ആ ടൈമില്‍ . അങ്ങനെ പീരീഡുകള്‍ ദിവസങ്ങള്‍ ആയി .. ദിവസങ്ങള്‍ മാസങ്ങള്‍ ആയി .. കാലം കടന്നു പോയി .. ഐ മീന്‍ ഓണ പരീക്ഷയും വരവായി .. അതൊക്കെ കഴിഞ്ഞെങ്കിലും ആ ആണ്‍ -പെണ്‍ ശത്രുതക്ക് കുറവൊന്നും വന്നില്ല . ക്ലാസ്സ് ടീച്ചര്‍ ഇല്ലാത്ത ഒരു പീരീഡില്‍ , വര്‍ത്തമാനം പറയുന്നവരുടെ പേര് എഴുതി വെക്കാന്‍ ക്ലാസ്സ് ലീഡര്‍ക്ക് ഓര്‍ഡര്‍ കിട്ടി . ലവള്‍ എല്ലാ ആണ്‍പിള്ളേരുടെയും പേര് എഴുതി വെച്ചു , ഒറ്റ പെണ്ണുങ്ങടെ പേര് എഴുതിയില്ല .. അവസാനം രണ്ടു പീരീഡ് ആണ്‍പിള്ളേര്‍ എല്ലാരും ക്ലാസ്സില്‍ നിക്കണ്ട വന്നു , അതും ഡ്രില്‍ പീരീഡ് .
അതി ക്രൂരമല്ലേ ആ സമീപനം ..വര്‍ത്തമാനം പറഞ്ഞവരുടെ ലിസ്റ്റില്‍ അറ്റ്ലീസ്റ്റ് മുപ്പത്തി മൂന്നു ശതമാനം സംവരണം എങ്കിലും ഗേള്‍സ് നു കൊടുക്കെണ്ടാതാരുന്നു , പ്രതികരിക്കേണ്ടേ ,വേണം ! എന്റെ മനസ്സ് പറഞ്ഞു . പഠിക്കുന്ന പദങ്ങള്‍ പ്രയോഗിച്ചാലേ ഭാഷയിലുള്ള അറിവ് കൂടു എന്ന മലയാളം ടീച്ചര്‍ പറഞ്ഞിരുന്നു . ആ ഇടയ്ക്കു പഠിപ്പിച്ച ഒരു വാക്ക് ..
അനാശാസ്യം = തെറ്റായ നടപടി .
വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോള്‍ , ക്ലാസ്സ് ലീഡര്‍കെതിരെ മുദ്രാവാക്യങ്ങള്‍ ബോര്‍ഡില്‍ എഴുതി വെച്ചു ..
ക്ലാസ്സ് ലീഡര്‍ ന്റെ അനാശാസ്യ നടപടികള്‍ അവസാനിപ്പിക്കുക !!!
പിറ്റേന്ന് കാലത്ത് , ക്ലാസ്സ് ടീച്ചര്‍ ജോസഫ് സാര്‍ വന്നു . ഞങ്ങള്‍ ബഹുമാന പുരസ്സരം ഉണ്ട ജോസഫ് എന്നാ വിളിച്ചിരുന്നത് . ഇന്ത്യയില്‍ 'വിജയ് സ്കൂട്ടെര്‍ ' ഉള്ള വിരലില്‍ എണ്ണാവുന്നവരില്‍ ഒരാള്‍ ആരുന്നു ജോസഫ് സര്‍ . സാര്‍ വന്നു ഹാജര്‍ എടുത്തു കഴിഞ്ഞപോ ലീഡര്‍ കൊച്ചു സാറിന്റെ അടുത്തേക്ക് പോവുന്ന കണ്ടു , മു ഹ ഹഹ .. എന്റെ മുദ്രാവാക്യങ്ങള്‍ കുറിക്കു കൊണ്ടിരിക്കുന്നു .. അവള്‍ രാജി വെക്കാന്‍ പോയതാ എന്റെ മനസ്സ് പറഞ്ഞു , ഈ മനസ്സിന്റെ ഒരു കാര്യം ! ഒരു മിനിറ്റ് താമസിച്ചു . ജൊസഫ് സാര്‍ മേരാ നാം ബുലായാ .. ഹോ എന്നെ ലീഡര്‍ ആക്കാനുള്ള വിളി , വീണ്ടും മനസ്സ് പറഞ്ഞു , ഗൊച്ചു ഗള്ളന്‍ ! ഞാന്‍ പയ്യെ സാറിന്റെ അടുത്ത് ചെന്നു .
സാറ് ചോദിച്ചു , നീ ബോഡില്‍ വല്ലതും എഴുതിയാരുന്നോ ?
മറുപടി പറഞ്ഞു , എഴുതിയിരുന്നു ..
സാര്‍ : എന്നാ ഇച്ചരെ നീങ്ങി നിന്നെ
ഞാന്‍ നീങ്ങി നിക്കുന്നു
സാര്‍ : തിരിഞ്ഞു നിന്നേ ..
ഭഗവാനെ ഇതെന്താ പരിപാടി .. ..
ശ്വാഷ് .... ഒരു സൌണ്ട് .. ഈ ചൂരല്‍ വായുവില്‍ ഒരു പ്രത്യേക വേഗതയില്‍ സഞ്ചരിച്ചു ചന്തിയില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന സൌണ്ട് ! ഈ സൌണ്ട് ഒരു രണ്ടു വട്ടം ആവര്‍ത്തിച്ചു .
അയ്യേ , ഇതിനാണോ ഇവന്മാര്‍ ഒടുക്കത്തെ വേദന ആണെന്ന് പറഞ്ഞത് , എനിക്ക് ഒരു വേദനയും തോന്നിയില്ല , ഇനി തൊലിക്കട്ടി കൊണ്ടായിരിക്കുമോ .. ?? !!
സാര്‍ : ആ നീ പൊക്കോ .. പോയി ഇരുന്നോ !
ഞാന്‍ പെട്ടെന്ന് സീറ്റിലേക്ക് പോയി , ലീഡര്‍ ആവാന്‍ പോയതാരുന്നു അടീം മേടിച്ചു തിരിച്ചു പോന്നു . എന്നാലും ബോര്‍ഡില്‍ ഒന്ന് എഴുതിയതിനു ഇതിച്ചരെ കടുപ്പം ആയി പോയി !!! സീറ്റില്‍ ചെന്നു ഇരുന്നു , ഡബിള്‍ സ്പീഡില്‍ എണീറ്റു , ചൂരല്ന്റെ എഫക്ക്റ്റ് അപ്പോളാ മനസ്സിലായത് ..
പിന്നേം ഒരു പാട് നാള് കഴിഞ്ഞപ്പോളാണ് അനാശാസ്യത്തിന്റെ അര്‍ഥം ഡിന്ഗോള്‍ഫികേഷന്‍ ആണെന്ന് പിടി കിട്ടിയത് .. അന്ന് ടീച്ചര്‍ മര്യാദക്ക് പഠിപ്പിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുമായിരുന്നോ ? അനാശാസ്യം - തെറ്റായ നടപടി , ഫൂ ..!!
ഇതാണ് വിദ്യാഭ്യാസ രീതിയില്‍ കാതലായ മാറ്റം വേണമെന്ന് ഞാന്‍ പറയുന്നത് . ഹോ അന്ന് ഈ അഹങ്കാരം എഴുതി വെച്ചതിനു ചൂരലിന്റെ പെട അല്ലെ കിട്ടിയുള്ളൂ , ഗൊച്ചു ഗള്ളി ലീഡര്‍ നു ഇതിന്റെ മീനിംഗ് എങ്ങനെ പിടി കിട്ടി ! ആവോ ആര്‍ക്കറിയാം !!! അറിയാതെ പറ്റിയ അബദ്ധം .. മാഫ് കര്‍ദീജിയേ
*ടൈറ്റില്‍ അര്‍ഥം മനസ്സിലായില്ലേ .. അടി കിട്ടി പൊളിഞ്ഞുന്നു