ഈ ഇടെയായി അമ്മക്കൊരു സ്നേഹോമില്ല എന്നോട് അല്ലേലും മൂത്ത പിള്ളാരോട് അമ്മമാര്‍ക്ക്
സ്നേഹം കുറവാണെന്ന് കഴിഞ്ഞ ദിവസം ഞാന്‍ കേട്ടാരുന്നു, അന്നേരം വിശ്വസിച്ചില്ല .. ഇപ്പൊ അനുഭവിച്ചപ്പോ
പിടി കിട്ടി . എന്താന്നോ സംഭവം ,
ഫോണ്‍ വിളി :
ഞാന്‍ : അമ്മാ ഞാന്‍ വെള്ളിയാഴ്ച രാവിലെ എത്തും
അമ്മ : എന്തിനാടാ ?
ഞാന്‍ : എന്തിനാന്നോ .. അപ്പൊ ഞാന്‍ വീട്ടില്‍ വരുകേം വേണ്ടേ ??
അമ്മ : അതല്ല .. നീ ഫ്രണ്ട്സ് ന്റെ കല്യാണത്തിനും കോളേജ് ഗെറ്റുഗതറിനും ഒക്കെ ആണല്ലോ എഴുന്നെള്ളാറു
ഞാന്‍ : അതൊന്നുമില്ല . ചുമ്മാത .. അമ്മയെ കാണാന്‍
അമ്മ : ഓ .. അമ്മെ കാണാന്‍ വരുന്ന ഒരു മ്വാന്‍ !
ഞാന്‍ : ഏശിയില്ല .. ! ആക്ച്വലി ഞാന്‍ റൂംമേറ്റ്‌ന്റെ കല്ല്യണതിനാ വരുന്നേ
അമ്മ : എനിക്ക് നിന്നേ അറിയാത്തതൊന്നും അല്ലല്ലോ
ഞാന്‍ : ബൈ ദി ബൈ .. അമ്മ ഫ്രൈഡേ ലീവ് എടുക്കു
അമ്മ : എന്തിനു ?
ഞാന്‍ : മൂത്ത മോന്‍ .. അല്ല മ്വാന്‍ വരുന്നു .. കൊറച്ചു നല്ല ഫുഡ് ഒക്കെ ഒണ്ടാക്കി തന്നൂടെ
അമ്മ : ലീവ് ഒന്നും എടുക്കാന്‍ പറ്റൂല്ല .. കുഞ്ഞുങ്ങളുടെ പരീക്ഷ വരുവാ
ഞാന്‍ : കുഞ്ഞുങ്ങളോ ? ഏത് കുഞ്ഞുങ്ങള്‍ ?
അമ്മ : എന്റെ പിള്ളാര്
ഞാന്‍ : അപ്പൊ ഞാന്‍ ?????
അമ്മ : ചോറ് ഒക്കെ ഒണ്ടാക്കി വെച്ചേക്കാം .. തന്നത്താന്‍ എടുത്തങ്ങു കഴിച്ചാല്‍ മതി
ഞാന്‍ : മതി .. അത് മതി .. മീന്‍ കറി ?
അമ്മ : ഇപ്പൊ മീന്‍ ഒന്നും കിട്ടാനില്ല .. കിട്ടിയാല്‍ വെക്കാം
ഞാന്‍ : ഓക്കേ .. എന്നാ ശരി
അമ്മ : ശരി ..
അല്ലേലും ഈ അമ്മ ഇങ്ങനാ .. എന്റെ പിള്ളാരെ .. എന്റെ പിള്ളാരെ ന്നും പറഞ്ഞു നടക്കുന്ന കാണാം !
എന്റെ മാതാശ്രീ ടീച്ചറാ .. അതും എല്‍ പീ സ്കൂളില്‍ . ഞറുങ്ങണ പിറുങ്ങണ പിള്ളാര് പാഞ്ഞു നടക്കുന്ന എല്‍ പീ സ്കൂളിലെ ടീച്ചര്‍ , അതാണ് അമ്മേടെ പിള്ളാര്‍ ...
ആ കുട്ടിപ്പട അമ്മയെ വിളിക്കുന്നത് .. ടീച്ചര്ര്‍റെ ന്നാ ഭയങ്കര കട്ടി ആണു ആ "റെ" ക്ക് .നാട്ടിലുള്ള സമയത്ത് അമ്മയെ സ്കൂളില്‍ വിടാന്‍ പോകാറുണ്ട് . അപ്പോള്‍ കുട്ടിപ്പട ഗേറ്റ് ന്റെ അടുത്ത് വരും . പിന്നെ ക്വസ്ടിയന്‍സ് ആണു .. ടീച്ചറെ ആരാ ഇത് ? .. മോനാ ? എവിടാ ? ഈ ടീ സീ ... ഈ ടീ സീ ... ന്റമ്മോ ഇത്രേം ചോദ്യങ്ങള്‍ എന്ട്രന്‍സ് പരീക്ഷക്ക് പോലും കാണില്ല.
ഇടയ്ക്കു ഫോണ്‍ വിളിക്കുമ്പോ പറയും .. എന്റെ പിള്ളാര്‍ക്ക് ശാസ്ത്ര പ്രദര്‍ശനത്തിനു സമ്മാനമുണ്ട് . .. യൂത്ത് ഫെസ്ടിവലിന് കൊണ്ടു പോകുവാ .. എന്നിങ്ങനെ ഒക്കെ കേക്കാം .. അതൊക്കെ പറയുമ്പോ വല്ല്യ ആവേശം ആണു ടീച്ചര്‍ നു .
ഒരു ദിവസം മാതാശ്രീ എന്റെ അപ്പചിടെ അതായത് അമ്മയുടെ നാത്തൂന്റെ വീട്ടില്‍ പോവാരുന്നു . സ്കൂളിന്റെ അടുത്താ ആ വീട് . വേറെ വഴിക്ക് ടീച്ചര്‍ തിരിയുന്ന കണ്ടപ്പോ കുട്ടിപ്പട അടുത്ത് കൂടി .. ടീച്ചര്‍ എന്താ ഇങ്ങോട്ട് .. അമ്മ ചേച്ചിടെ വീട്ടില്‍ പോകുവാ എന്ന് പറഞ്ഞു . ആരാ അത് .. എന്തിനാ പോവുന്നെ .. ചോദ്യങ്ങള്‍ക്ക് ക്ഷാമം ഇല്ലല്ലോ . അപ്പൊ ഒരുത്തന്റെ ഓഫര്‍ വന്നു .. ടീചെരിനു ഞാന്‍ വഴി കാണിച്ചു തരാം . അവരാണല്ലോ ആ ഏരിയയിലെ താരങ്ങള്‍ . പിന്നെ എല്ലാരും കൂടി ആവേശപൂര്‍വ്വം അപ്പച്ചിയുടെ വീട്ടിലേക്കു ആനയിക്കുക ആയിരുന്നത്രെ . വീട്ടില്‍ എത്തിയപ്പോള്‍ ഒരുത്തന്‍ .. ടീച്ചറെ അവിടെ പട്ടി ഒണ്ടു , കടിക്കുന്നത എന്ന് പറഞ്ഞു. അതിനെ അറിയാം അത് കടിക്കൂല്ല ന്നൊക്കെ അമ്മ പറഞ്ഞു നോക്കി , പിള്ളേര്‍ക്ക് ഒരു സമാധാനമില്ല . ഗേറ്റ് ഇല്‍ കാവലായി , അവസാനം കസിന്‍ കൊച്ചു വന്നു അമ്മയെ വിളിച്ചു അകത്തു കേറ്റി കഴിഞ്ഞു കുഞ്ഞന്‍ പടയോട് പൊക്കോളാന്‍ പറഞ്ഞു , അത് വരെ അവിടെ നിക്കുവാരുന്നു അത്രേ . എന്തൊരു കെയരിംഗ് !!! ഇത് പറഞ്ഞതിന്റെ ലാസ്റ്റ് അമ്മയുടെ കമന്റ് .. " നിന്നേ പോലെ ഒന്നും അല്ല.. നല്ല സ്നേഹമുള്ള പിള്ളേരാ " !! അപ്പ ഞാന്‍ ആരായി
വെല്‍ , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോ അമ്മയെ സ്കൂളില്‍ ആക്കാന്‍ പോയി . അപ്പോള്‍ സ്റ്റെപ്പ്ല് ഒരുത്തന്‍ ഇരിക്കുന്നു .
ഞാന്‍ : യിവന്‍ എന്താ ക്ലാസില്‍ കേറാതെ ഇവിടെ നിക്കുന്നെ .
അമ്മ : അയ്യോ .. അത് നിഖില്‍ അല്ലെ .... അവന്‍ വല്ല്യ ആളല്ലേ .
ഞാന്‍ : കണ്ടിട്ട് തോന്നുന്നില്ല
അമ്മ : അതൊന്നും പറഞ്ഞിട്ട് കാര്യമില്ല ... പോയി ചോദിച്ചു നോക്കട്ടെ ..
എന്നും പറഞ്ഞു കാറില്‍ നിന്നും അമ്മ ഇറങ്ങി .
വൈന്നേരം വന്നപ്പോ അമ്മയോട്
ഞാന്‍ : എന്തായി പ്രിയ ശിഷ്യന്‍ ക്ലാസ്സില്‍ കയറിയോ ?
അമ്മ : അതിനു അവന്‍ എന്റെ ക്ലാസ്സില്‍ അല്ലല്ലോ .
ഞാന്‍ : അതോണ്ട് .. ???
അമ്മ : അതോണ്ട് ഒന്നുമില്ല .. അവനോടു ക്ലാസ്സില്‍ എന്താടാ കേറാതെ എന്ന് ചോദിച്ചു .. അവനു ടീച്ചര്‍ നെ ഇഷ്ടമല്ലെന്നു . കാരണമൊന്നുമില്ല .. അവസാനം മൂന്നാം ക്ലാസ്സില്‍ ഇരിക്കതില്ല , വേണമെങ്കി നാലില്‍ ഇരിക്കാന്നു . പിന്നെ എച് എം നോട് പറഞ്ഞിട്ട് എന്റെ ക്ലാസ്സില്‍ ഇരുത്തി .
ഞാന്‍ : ബെസ്റ്റ് .. നല്ല ബെസ്റ്റ് മലയാളി .. ചെറുപ്പത്തി തന്നെ വളം വെച്ചു കൊട് ..
അമ്മ : നിനക്കതൊക്കെ പറയാം .. അവന്‍ ടീ സീ മേടിച്ചു പോയാലോ ... അല്ലെങ്കി തന്നെ ഡിവിഷന്‍ ഫാള്‍ ന്റെ വക്കത്ത !
ഞാന്‍: ഹ്മം .. സാഹചര്യത്തിന്റെ സമ്മര്‍ദം ..
ഇത്തവണത്തെ ജില്ലാ യൂത്ത് ഫെസ്ടിവല്‍ ഞങ്ങള്‍ടെ പഞ്ചായത്തില്‍ ആരുന്നു , അപ്പൊ അവിടെ സാസ്കാരിക ഘോഷയാത്ര നടത്താന്‍ പിറുങ്ങിണികളെ കൊണ്ടു പോവണം ന്നു അമ്മ പറഞ്ഞു . കുറച്ചു പിള്ളാരെ ഘോഷയാത്ര ടെ സ്ഥലത്തേക്ക് ഡ്രോപ്പ് ചെയ്യണം പോലും . എന്നോട് ഇച്ചിരി നേരത്തെ പോണം ന്നു അമ്മക്ക് വേറെ എന്തോ അത്യാവശ്യം ഉണ്ട് , പിള്ളാരേം പിക്ക് ചെയ്തു വരുമ്പോ വണ്ടിയില്‍ കയറിക്കോളും ന്നു . വേറെ ഒരു കാര്യം കൂടെ.. വേഷം കെട്ടിക്കണം ന്നു കര്‍ഷകന്‍ ആയിട്ട് . വേഷമൊക്കെ കൊണ്ടുവരാന്‍ പിള്ളേരോടും അവരടെ അമ്മമാരോടും പറഞ്ഞിട്ടുണ്ടത്രേ . നീയും ഒന്ന് ഹെല്പ് ചെയ്തേക്കു എന്നും പറഞ്ഞു തോര്‍ത്ത് മുണ്ടൊക്കെ എടുത്തു തന്നു .പിന്നെ ആ സ്കൂളിലെ ഒരു സാര്‍ന്റെ വീട്ടില്‍ പോയി കുറച്ചു പ്ലക്കാര്‍ഡും ഒക്കെ പൊക്കി കൊണ്ടു വരണം . ആദ്യം സാറിന്റെ വീട്ടില്‍ പോയി , അവിടെ ഒരു മൂന്നാല് പിള്ളാര് ഉണ്ടാരുന്നു . അതുങ്ങളെയും സാറിനേം പ്ലക്കാര്ടിനേം ഒക്കെ കാറില്‍ കയറ്റി . അത് വരെ മര്യാദക്ക് ഇരുന്ന പിള്ളാര്‍ക്ക് ഡൌട്ട് തുടങ്ങി .. എത്ര ഗിയര്‍ ഒണ്ടു കാര്‍ നു? .. എന്തോരം സ്പീഡില്‍ പോവും ? ഒരൊറ്റ ഗിയരെ ഒള്ളു കണ്ടില്ലേ ന്നു പറഞ്ഞപ്പോ ഒരുത്തന്‍ ... ഞങ്ങക്കറിയാം അഞ്ചു ഗിയര്‍ ഒണ്ടെന്നു .. ഫീകരന്മാര്‍ , അവര്‍ എന്നെ ടെസ്റ്റ് ചെയ്തത !
അതുങ്ങളെയും പൊക്കി സ്കൂളില്‍ ചെന്നപ്പോ , മ്മടെ ക്ലാസ്സില്‍ കേറാത്ത നിഖില്‍ മുറ്റത്ത് നിപ്പുണ്ട് .
ഞാന്‍ കയറി ചെന്നപ്പോലെക്കും കക്ഷി അടുതെത്തി ..
നിഖില്‍ : ടീച്ചര്‍ ന്റെ മോന്‍ അല്ലെ .. എനിക്കറിയാം ..
ഞാന്‍ : എനിക്ക് നിന്നേം അറിയാം .. ക്ലാസ്സില്‍ കേറാത്ത ആളല്ലേ ..
നിഖില്‍ : ( ഒരു വളിച്ച ചിരി ) .. ഇപ്പ ക്ലാസിലോക്കെ കേറാറുണ്ട്
ഞാന്‍ : നിഖില്‍ ന്നല്ലേ പേര് ..
അത് കേട്ടപ്പോ ചെക്കന്‍ ഹാപ്പി ആയി ..
ഇവന്‍ ആണു കക്ഷി .. ഫോട്ടോ എടുത്തതൊക്കെ അങ്ങ് ഇഷ്ടപ്പെട്ടു :-)
കുറച്ചു കഴിഞ്ഞു പിന്നേം അടുത്ത് വന്നു .. എന്റെ വാച്ചേല്‍ പിടിച്ചു നോക്കി . എന്നിട്ട് ..
എനിക്കും ഇങ്ങനത്തെ ഒരു വാച്ച് ഉണ്ട് , പക്ഷെ കല്യാണത്തിനും പ്രധാന ചടങ്ങുകള്‍ക്കും മാത്രമേ ഇടു .
( ഒരു ദിവസം ഇവന്‍ ഒരു വാച്ചും കൊണ്ടു വന്നു അതിന്റെ പരിപ്പ് എല്ലാം കൂടെ എടുത്തു എന്നും അന്ന് മാതാശ്രീ പുറപ്പെടുവിച്ച ഉത്തരവ് ആണു ഈ പ്രധാന ചടങ്ങില്‍ മാത്രം വാച്ച് കെട്ടുക എന്നും മാതാശ്രീ പറഞ്ഞു പിന്നീട് അറിഞ്ഞു )
നിഖില്‍ നോട് അവനു കെട്ടാനുള്ള വേഷം എടുത്തോണ്ട് വരാന്‍ പറഞ്ഞു . അപ്പൊ മിടുക്കന്‍ ഒന്നും കൊണ്ടു വന്നിട്ടില്ല . പിന്നെ അമ്മ തന്നു വിട്ട തോര്‍ത്ത് ഉടുപ്പിക്കാം എന്ന് സാറിനോട് ചോദിച്ചപ്പോ പറഞ്ഞു . ഉടുപ്പൊക്കെ ഊരി കളഞ്ഞു .. സ്റ്റീല്‍ ബോഡി ഒക്കെ കാണിച്ചു മച്ചാന്‍ അങ്ങനെ നിക്കുന്നു .. ഊരെടാ ജീന്‍സ് തോര്‍ത്ത് ഉടുപ്പിക്കട്ടെ എന്ന് പറഞ്ഞു .. അപ്പൊ അവന്‍ ..
ജീന്‍സ് ഊരാന്‍ പറ്റൂല്ല .
ഞാന്‍ : അതെന്താ .. ?
നിഖില്‍ : ഞാന്‍ ജെട്ടി ഇട്ടിട്ടില്ല .
ഞാന്‍ : അതെന്താട ?
നിഖില്‍ : ഞാന്‍ ഇടാറില്ല ..
ഞാന്‍ : മിടുക്കന്‍ ..
എന്ത് ചെയ്യാന്‍ .. പിന്നെ ജീന്‍സ് മടക്കി മടക്കി മുട്ടിനു മുകളില്‍ വരെ ആക്കി തോര്‍ത്ത് മുണ്ടൊക്കെ ഉടുപ്പിച്ചു ഘോഷയാത്രക്ക് കൊണ്ടോയി !
ഇതാണ് നിഖില്‍ കര്‍ഷകന്‍ :-)
ബാക്കി എല്ലാരേം കര്‍ഷകരുടെ വേഷം ഒക്കെ കെട്ടിച്ചു, ഒരുത്തനെ മാവേലി ആക്കി .. ... ഒരു ഏഴെട്ടു പുഴുക്കളെ കാര്‍ ല് കേറ്റി കൊണ്ടോയി
മിസ്റ്റര്‍ മാവേലി
കൊയ്തുകാര്‍
സത്യം പറയാല്ലോ .. നല്ല അടി പൊളി പരിപാടി ആരുന്നു